വിദ്യാർഥി ബസ് കൺസഷനുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ഗതാഗത മന്ത്രി ആൻ്റണി രാജു. തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും പ്രസ്താവനയിലെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാർഥികൾക്ക് ബസുകളിൽ പൂർണ സൗജന്യ യാത്ര അനുവദിക്കണമെന്നതാണ് ഗതാഗത വകുപ്പിൻ്റെ നിലപാടെന്നും നിരക്ക് വർധന ഉടനെയുണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ഗഹനമായ ചർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൺസഷൻ വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നുമായിരുന്നു മന്ത്രിയുടെ അഭിപ്രായം. ഇതിനെതിരെ എസ് എഫ് ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ രംഗത്തുവന്നിരുന്നു. മന്ത്രിയുടെ പ്രസ്താവന അപക്വമാണെന്നും കൺസഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നുമായിരുന്നു എസ് എഫ് ഐയുടെ പ്രതികരണം. ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കൺസഷൻ വിദ്യാർഥികൾക്ക് നാണക്കേടാണെന്ന് മന്ത്രി ആൻ്റണി രാജു അഭിപ്രായപ്പെട്ടത്.