ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങും; വി സി നിയമനത്തിൽ സർക്കാർ കുരുക്കിൽ

കണ്ണൂർ സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് പോർമുഖം തുറന്ന ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയേക്കും. ചാൻസലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി നിലപാട് പറയട്ടെ എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്

വി സിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന് ഗവർണർ തന്നെ പറയുന്നത് സർക്കാരിന് തിരിച്ചടിയാകും. സർവകലാശാലകളിലെ രാഷ്ട്രീയ കളിക്ക് കൂട്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ പറയുന്നു. മുഖ്യമന്ത്രിക്ക് തന്നെ ചാൻസലർ പദവി ഏറ്റെടുക്കാമെന്നും കത്തിൽ പറയുന്നുണ്ട്

സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കുന്നതാണ് കത്ത്. ധനമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ചർച്ച നടത്തിയിട്ടും ഗവർണർ അയഞ്ഞിട്ടില്ല. അതേസമയം പ്രതിപക്ഷം വീണുകിട്ടിയ അവസരമെന്ന നിലയ്ക്ക് വിഷയം പരമാവധി പ്രയോജനപ്പെടുത്താനും സാധ്യതയുണ്ട്.