തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ആക്കം കുട്ടിയ വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റിന്റെ ബലപരിശോധന നടത്താന്‍ വിജിലന്‍സ്. ഇതിനായി ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമയാണ് ബലപരിശോധന നടത്തുന്നത്. വിജിലന്‍സിന് തൊട്ടുപിന്നാലെ സി ബി ഐയും ഫ്ളാറ്റിന്റെ ബലം പരിശോധിക്കുമെന്നാണ് അറിയുന്നത്. പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ബലപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
അതേസമയം ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷന് ഇടപാടിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു. സന്ദീപ് നായര്‍, സരിത്, സന്തോഷ് ഈപ്പന് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് രേഖകള്‍ ലഭിച്ചത്. യൂണിടാക് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിലൂടെ കമ്മിഷന് ഇടപാടിന്റെ സ്ഥിരീകരണവും ലഭിച്ചു. എന്നാല്‍ സ്വപ്നുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് ഉടന്‍ കൊച്ചി എന്‍ ഐ. എ കോടതിയെ സമീപിക്കും. കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം യു എ ഇ കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യൂണിടാക്കിന്റെ അക്കൗണ്ടിലേക്ക് 7.5 കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ ലഭിച്ചു. തുടര്‍ന്ന് യൂണിടാക്കിന്റെ അക്കൗണ്ടില്‍ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.20 കോടി രൂപ നല്കി. ഇതില്‍ നിന്ന് 3.60 കോടി രൂപ പിന്‍വലിച്ചതിന്റെ രേഖകളും ലഭിച്ചു. ഈ തുക ഡോളാറായും രൂപയായും കോണ്‍സുലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറിയതായി സ്വപ്ന അറിയിച്ചിരുന്നെന്ന് സന്തോഷ് ഈപ്പന് വിജിലന്‍സിന് നല്കിയ മൊഴിയില്‍ പറയുന്നു.