എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനും മറ്റു സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും ചില ബാങ്കുകൾ ഉപഭോക്താകൾക്ക് മുകളിൽ നിരവധി ഫീസുകൾ ഈടാക്കാറുണ്ട്. പക്ഷേ എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴയീടാക്കണമെന്ന് നമ്മളിൽ പലർക്കും തോന്നാറുണ്ട്. അങ്ങനെയൊരു നിർദേശം പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്.
ഒക്ടോബർ ഒന്നുമുതൽ 10 മണിക്കൂറിലധികം എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കേണ്ടിവരും. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ ബാങ്കുകൾ അവസാനിപ്പിക്കാനാണ് ഇത്തരത്തിലൊരു നിർദേശം നൽകിയതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. പണ ലഭ്യത ഉറപ്പിക്കാൻ ബാങ്കുകളും എടിഎം ഓപ്പറേറ്റർമാരും അവരുടെ സംവിധാനങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്നും ആർ.ബി.ഐ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം പിഴയീടാക്കുമെന്നും ആർ.ബി.ഐ വ്യക്തമാക്കി.
ബാങ്കുകളുടെ എടിഎമ്മിൽ പണമില്ലാതെ വന്നാൽ ആ ബാങ്കുകളും വൈറ്റ് ലേബൽ എടിഎമ്മുകളിൽ പണമില്ലാതെ വന്നാൽ ആ എടിഎമ്മുകളിൽ പണം നൽകുന്ന ബാങ്കും പിഴയടക്കേണ്ടി വരും. ഇത്തരത്തിൽ പത്തുമണിക്കൂറിലധികം എടിഎമ്മിൽ പണമില്ലാതെ വന്നാൽ ഒരു എടിഎമ്മിന് 10,000 രൂപ വച്ച് പിഴയടക്കാനാണ് ആർബിഐ നിർദേശം.