കോവിഡ് നിയന്ത്രണങ്ങൾ ഇനിയും പാലിച്ചില്ലെങ്കിൽ രോഗപ്രതിരോധത്തിന് നിലവിലെ സംവിധാനങ്ങൾ മതിയാവില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. കല്യാണത്തിലും രാഷ്ട്രീയ പാർട്ടികളുടെ സമരത്തിന്റെ കാര്യത്തിലും ജാഗ്രത നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥിതിയുണ്ടായെന്നും മന്ത്രി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച പുതിയ മെറ്റേർണിറ്റി ബ്ലോക്കിന്റെയും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആളുകൾക്ക് കൂട്ടത്തോടെ രോഗം വരാനിടയാകുമെന്നും അത് ആശുപത്രികൾ നിറഞ്ഞ് കവിയുന്ന സ്ഥിതിയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു. പരസ്പരം കൂടിച്ചേരലുകൾ ഒഴിവാക്കണം. നിർദേശങ്ങൾ പാലിക്കാതെ കൂടുതൽ ആളുകളിലേക്ക് രോഗം എത്താനിടയായാൽ ആശുപത്രികളിൽ നിലവിലെ സൗകര്യങ്ങൾ മതിയാകാത്ത സ്ഥിതിവരും. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. സർവീസിൽ ഉള്ള ആളുകളെയാണ് നിലവിൽ കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നത്. ഒപ്പം പുതുതായി നിയമിച്ചവരുടെ സേവനവും പ്രയോജനപ്പെടുത്തുന്നു. പുതുതായി ആളുകളെ എടുക്കുന്നതിന് സർക്കാർ ഒരു തടസ്സവും നിന്നിട്ടില്ല. എന്നാൽ നിയമിക്കാൻ ആവശ്യമായ ആളുകളെ കിട്ടുന്നില്ല എന്നതാണ് ലഭിക്കുന്ന വിവരം. കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്തെങ്കിലും പലരും ജോയിൻ ചെയ്യുന്നില്ല. സർവീസിൽ ഉള്ളവർ തന്നെ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരുന്നുവെന്നും മന്ത്രി പറഞ്ഞു.