വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെൻറ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാർക്കറ്റ് അടച്ചു

എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്‍റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്‍റെ ഭാഗങ്ങൾ തൽക്കാലം അടച്ചിടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്‍റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് അടച്ചു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിചതായും സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് ചെയ്തതെന്നും കലക്ടര്‍ അറിയിച്ചു. കണ്ടൈന്‍മെന്‍റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കലക്ടര്‍ പറഞ്ഞു.