ഗതാഗത കുരുക്കിന് പരിഹാരം; ആറ് പുതിയ ബൈപ്പാസുകള്‍

ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ബജറ്റില്‍ ധനമന്ത്രി അവതരിപ്പിച്ചു.ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടർ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാൻ 1000 കോടി രൂപ നീക്കിവെച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകൾ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയിൽ നിന്ന് ഈ വർഷം 200 കോടി നീക്കിവെച്ചു. കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തുന്നുവെന്നും കൂടാതെ ഡിപ്പോകൾ വിപുലികരിക്കുന്നതിന് 30 കോടി രൂപ കൂടി വകയിരുത്തുന്നുവെന്നും മന്ത്രി പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് 20 കോടിയും ബസുകളെ സിഎൻജി, എൽഎൻജി, ഇലക്ട്രിക്ക് എന്നിവയിലേക്ക് മാറ്റുന്നതിനായി 50 കോടിയും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.