മുന്നണി മാറ്റത്തെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. മാണി സി കാപ്പൻ ഏകപക്ഷീയമായി മുന്നണി മാറ്റം പ്രഖ്യാപിച്ചെന്നും പാർട്ടിയിൽ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതി അറിയിച്ചു. പാർട്ടിയിലെ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തിൽ താത്പര്യമില്ലെന്നും ശശീന്ദ്രൻ പറയുന്നു
ദേശീയ നേതൃത്വത്തിന് പരാതി നൽകിയതായി ശശീന്ദ്രൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. യുഡിഎഫിലേക്ക് പോകുമെന്ന പ്രചാരണത്തിലാണ് പരാതി അറിയിച്ചത്.
പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചർച്ചയാണ്. സീറ്റുകളിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപെടേണ്ടതില്ലെന്നും ശശീന്ദ്രൻ പ്രതികരിച്ചു. അതേസമയം മാണി സി കാപ്പൻ 14ന് യുഡിഎഫിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ