തെരഞ്ഞെടുപ്പ്‌ വിഷുവിന്‌ മുമ്പ്‌ ; കമീഷൻ നാളെ എത്തും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ മടങ്ങി കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾക്കുശേഷം യോഗം ചേർന്ന്‌ തെരഞ്ഞെടുപ്പുതീയതികൾ പ്രഖ്യാപിക്കും. ഏപ്രിലിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌.

കോവിഡ്‌ പശ്ചാത്തലത്തിൽ 1000 വോട്ടർമാരെ മാത്രമാണ്‌ ഒരു ബൂത്തിൽ ഉൾപ്പെടുത്തുക. ആയിരത്തിലധികം വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു ബൂത്ത്‌ സജ്ജീകരിക്കും. ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും സുരക്ഷയൊരുക്കാനുമുള്ള നടപടികൾ കമീഷൻ വിലയിരുത്തും. തപാൽ വോട്ട്‌ സംബന്ധിച്ച കാര്യങ്ങളും രാഷ്‌ട്രീയ പാർടികളുമായുള്ള കൂടിക്കാഴ്‌ചയിൽ ചർച്ചയാകും.