വാളയാർ കേസ് സി.ബി.ഐക്ക് വിട്ടു

വാളയാറില്‍ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടു. കേസ് സി.ബി.ഐക്ക് കൈമാറാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പെൺകുട്ടികളുടെ ബന്ധുക്കൾ പ്രതികരിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണം സി.ബി.ഐ അന്വേഷണം നടത്തേണ്ടതെന്നും ഒപ്പം ഈ കേസ് അന്വേഷണം അട്ടിമറിക്കാൻ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

വാളയാര്‍ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീല്‍ അംഗീകരിച്ച കോടതി പുനര്‍വിചാരണക്ക് ഉത്തരവിടുകയായിരുന്നു.

കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് , സംശയത്തിന്റെ അനുകൂല്യത്തില്‍ പ്രതികളായ വി. മധു, ഷിബു, എം. മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. അന്വേഷണം നടത്തിയ പൊലീസിന്റെയും പ്രോസിക്യൂഷെന്റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകളാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

തുടര്‍ അന്വേഷണത്തിനോ പുനര്‍ അന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതിക്കും വീഴ്ച സംഭവിച്ചെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. തുടക്കം മുതല്‍ പൊലീസ് പ്രതികള്‍ക്ക് അനുകൂലമായിരുന്നെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ ആരോപണം.

വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും സഹോദരിമാരാണ്. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. പ്രതിയായിരുന്ന പ്രദീപിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

അത്യന്തം ദുരൂഹത നിറഞ്ഞ കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി എല്ലാസഹായവും വാഗ്ദാനം ചെയ്ത ശേഷം അവസാനം വഞ്ചിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടികളുടെ മുമ്പ് അമ്മ ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഭരണകക്ഷി നേതാക്കളുള്‍പ്പെടെ ചേര്‍ന്നാണ് കേസ് അട്ടിമറിച്ചതെന്ന ആക്ഷേപമുയര്‍ന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായിരുന്നു