ലൈക്ക് കിട്ടാൻ ബൈക്കിൽ മരണപ്പാച്ചിൽ; ആലപ്പുഴയിൽ മൂന്ന് ദിവസത്തിനിടെ കുടുങ്ങിയത് 265 പേർ

 

സോഷ്യൽ മീഡിയയിലെ ലൈക്കും ഷെയറുകളുമാണ് ജീവിതമെന്ന് കരുതുന്ന ഒരു തലമുറയും വളർന്നുവരുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. വാഹനങ്ങൾ കൊണ്ട് അപകടകരമായ അഭ്യാസങ്ങൾ കാണിച്ച് സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയാണ് ഇത്തരം ലൈക്ക് തെണ്ടലുകളിലേറെയും. ഇതിന് വഴിവെക്കുന്നതാകട്ടെ യൂട്യൂബിലും മറ്റും ഒരുപാട് ഫാൻബേസുള്ള ചില വ്‌ളോഗർമാരും

ആലപ്പുഴയിൽ ബൈക്കിൽ മരണപ്പാച്ചിൽ നടത്തുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച ഓപറേഷൻ റാഷിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പിടിയിലായത് 265 പേരാണ്. സമൂഹ മാധ്യമങ്ങളിലൂടെ കൂട്ടായ്മ രൂപീകരിച്ച ശേഷം മത്സരയോട്ടം നടത്തുന്നവരാണ് ഇതിലേറെയും. ഇത്തരക്കാരെ കുറിച്ച് പരാതികൾ ഏറിയതോടെയാണ് മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയത്

160 കിലോമീറ്റർ വേഗതയിൽ ബൈക്കിൽ പാഞ്ഞ ഒരു യുവാവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 25കാരനായ യുവാവിനോട് കാര്യം തിരിക്കിയപ്പോൾ ഇൻസ്റ്റഗ്രാമിൽ പരാമവധി ലൈക്ക് കിട്ടാനാണ് മരണപ്പാച്ചിലെന്നായിരുന്നു മറുപടി. ജസ്റ്റിൻ എന്ന ഇയാൾക്ക് 9500 രൂപയാണ് പിഴ ചുമത്തിയത്. ഇനിയാവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്

ചങ്ങനാശ്ശേരിയിൽ ബൈക്കപകടത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പ് കർശന ശക്തമാക്കിയത്. അതേസമയം മത്സരയോട്ടം നടത്തുന്നവരിൽ പലരും നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയാണ് ബൈക്ക് ഓടിക്കുന്നത്.