കൽപറ്റ: കേന്ദ്ര സബ്സിഡി ഗോതമ്പ് വിതരണം നിലച്ചതോടെ അംഗൻവാടികളിലൂടെ കുഞ്ഞുങ്ങൾക്ക് നൽകുന്ന പോഷകാഹാര വിതരണം അവതാളത്തിൽ. രാജ്യത്തെ അംഗൻവാടികളുടെ ആറ് പ്രധാന ദൗത്യങ്ങളിൽ ഒന്നാമത്തേതാണ് കുഞ്ഞുങ്ങൾക്കുള്ള പൂരിതപോഷകാഹാര വിതരണം. ഇതാണ് കേന്ദ്ര സബ്സിഡി ഗോതമ്പ് ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് മിക്കയിടത്തും മുടങ്ങിയത്.ജില്ലയിലെ 874 അംഗൻവാടികളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ അമൃതം ന്യൂട്രിമിക്സ് വിതരണം നിലച്ച നിലയിലാണ്. സംസ്ഥാനത്ത് 33115 അംഗൻവാടികളാണുള്ളത്. കേന്ദ്ര സർക്കാർ പദ്ധതിയായ ഐ.സി.ഡി.എസിൻ്റെ (സംയോജിത ശിശു വികസന സേവന പദ്ധതി) നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകളാണ് അമൃതം പോഷകാഹാരം നിർമിക്കുന്നത്. നിലവിൽ കിലോക്ക് 73.50 രൂപ നിരക്കിലാണ് നിർമാണ യൂണിറ്റുകളിൽ നിന്ന് ഐ.സി.ഡി.എസ് വാങ്ങി അംഗൻവാടികളിൽ എത്തിക്കുന്നത്. ഓരോ മാസവും ഇത്ര അളവ് പോഷകാഹാരം വേണമെന്ന് ഓർഡർ ചെയ്യുന്നതിനനുസരിച്ചാണ് കുടുംബശ്രീ യൂണിറ്റുകൾ ഉൽപാദിപ്പിച്ച് നൽകുക. ന്യൂട്രി മിക്സിലെ ഗോതമ്പ് ഒഴികെയുള്ള ചേരുവകൾക്ക് സബ്സിഡി ലഭിക്കുന്നുമില്ല. സബ്സിഡി ഗോതമ്പ് ലഭ്യമാവാത്തതിനാൽ നിശ്ചയിച്ച തുകക്ക് പോഷകാഹാരം വിതരണം ചെയ്യാൻ കഴിയില്ലെന്ന് ഐ.സി.ഡി.എസ് വയനാട് ജില്ല ഓഫിസറെ കുടുംബ ശ്രീ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പൊതു മാർക്കറ്റിൽ നിന്ന് കൂടിയ വിലക്ക് ഗോതമ്പ് വാങ്ങി ഉൽപാദിപ്പിച്ചാൽ യൂണിറ്റുകൾ നഷ്ടത്തിലാവും.അമൃതം ന്യൂട്രി മിക്സിന് ബദൽ സംവിധാനം ഒരുക്കാമെന്ന് അറിയിച്ച് ജില്ലകളിലെ ഐ.സി.ഡി.എസ് ഓഫിസുകൾക്ക് തിരുവനന്തപുരത്തെ വനിത-ശിശു വികസന ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്. ന്യൂട്രി മിക്സിന് പകരം മുത്താറി കുറുക്ക് പോലെയുള്ളവ പരിഗണിക്കാമെന്നാണ് ഡയറക്ടറേറ്റ് നിർദേശം. വയനാട് ജില്ലയിൽ അമൃതം ന്യൂട്രി മിക്സ് 10 നിർമാണ യൂണിറ്റുകളാണുള്ളത്. നിർമാണം നിലച്ചതോടെ അവയിലെ 72 ജോലിക്കാരുടെ ഉപജീവനവും പ്രതിസന്ധിയിലായി. അതേസമയം, അംഗൻവാടികളിലൂടെ ഗർഭിണികൾക്ക് നൽകുന്ന പോഷകാഹാരത്തിെൻറ വിതരണം നിലച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനായി സൈപ്ലകോയിൽനിന്നാണ് വിഭവങ്ങൾ ഐ.സി.ഡി.എസ് വാങ്ങുന്നത്.
The Best Online Portal in Malayalam