എൻ സി പിയിൽ നിന്നുള്ള ക്ഷണം; പ്രതികരിക്കാനില്ലെന്ന് പി സി ചാക്കോ

കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെ തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മറുപടി നൽകി പി സി ചാക്കോ. പീതാംബരൻ മാസ്റ്റർ ക്ഷണിച്ചതിനോട് ഒന്നും പറയാനില്ല. ആശയതലത്തിൽ കോൺഗ്രസും ഇടതുപക്ഷവും എതിരാളികളല്ലെന്നും പിസി ചാക്കോ പറഞ്ഞു

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ ധാരണകളുണ്ടാകണം. കേരളത്തിൽ ഇരുപക്ഷവും പരസ്പരം പൊരുതുന്നത് മറ്റ് മാർഗമില്ലാത്തതു കൊണ്ടാണ്. എൻസിപിയിൽ പോകുകയാണെന്ന വാർത്തകൾ നേരത്തെ നിഷേധിച്ചതാണ്.

ഇതൊരു വിലപേശൽ ഘട്ടമാകാൻ ആഗ്രഹിക്കുന്നില്ല. ഇതെന്റെ മനഃസാക്ഷിയുടെ തീരുമാനമാണ്. രാഹുൽ ഗാന്ധിക്ക് മെസേജ് അയച്ചിരുന്നു. അത്രയ്ക്ക് ഒഴിച്ചുകൂടാനാകാത്തത് ആണോ രാജിയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ താങ്ക്‌സ് എന്ന് മറുപടി നൽകിയെന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.