സംസ്ഥാനത്ത് നിലവിൽ സ്കൂളുകൾ അടക്കേണ്ടെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. പൊതു-സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ടം നിയന്ത്രിക്കും. ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും തീരുമാനം. വാരാന്ത്യ, രാത്രികാല കർഫ്യൂ ഉടനുണ്ടാകില്ല.
അതേസമയം സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്സിനേഷന് തുടക്കമായി. കോവിഡ് മുന്നണി പോരാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, 60 കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുക. കുട്ടികളുടെ കേന്ദ്രത്തിൽ തന്നെ മറ്റുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആശയക്കുഴപ്പമുണ്ടാക്കി.
രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. വാക്സിനേഷനുള്ള ബുക്കിങ് ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ഓണ്‍ലൈനായും നേരിട്ടും വാക്സിന്‍ ബുക്ക് ചെയ്യാം. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിന്‍ തന്നെ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ തുടക്കത്തില്‍ പാളി. ഇത് വാക്സിനെടുക്കാന്‍ വന്നവരെയാകെ ആശയകുഴപ്പത്തിലാക്കി. പിന്നീട് പകരം ക്രമീകരണം ഒരുക്കിയാണ് പ്രശ്നം പരിഹരിച്ചത്. സംസ്ഥാനത്ത് ഇതുവരെ നാല് ലക്ഷത്തിലധികം കുട്ടികളും വാക്സിന്‍ സ്വീകരിച്ചു.