പക്ഷിപ്പനി: തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം

 

ആലപ്പുഴയിൽ പക്ഷിപ്പനി കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. ആഴ്ചകൾക്ക് മുമ്പാണ് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത്

നെടുമുടി പഞ്ചായത്തിൽ മാത്രം മൂന്ന് കർഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനോടകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. കലക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗമാണ് താറാവുകളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. പത്തംഗ ടീമിനെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്

പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളെയും മറ്റ് വളർത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി.