ആലപ്പുഴ: ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കും. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്പിള്‍ അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ്പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും.
പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമായിരിക്കും നടപടി.
വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നുണ്ട്. ആലപ്പുഴയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്ടം വില്‍ക്കുന്നതും നിരോധിച്ചു.