സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിനീഷിന്റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം

ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും ഇ.ഡി അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്ത് റാക്കറ്റിന് സ്വർണം കൊണ്ടുവരാനായി ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി വിവരം ലഭിച്ചിരുന്നു. കെ ടി റമീസ് വഴിയാണ് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത്.

കഴിഞ്ഞാഴ്ച മലയാളിയായ മുഹമ്മദ് അനൂപ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് സംഘം ബംഗളൂരുവിൽ പിടിയിലായതിന് പിന്നാലെയാണ് അന്വേഷണം ഈ വഴിക്കും തിരിയുന്നത്. ചോദ്യം ചെയ്യലിൽ അനൂപിന് കെടി റമീസുമായും ബിനീഷുമായും ബന്ധമുണ്ടെന്ന് മൊഴി നൽകിയിരുന്നു.

യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിംഗ് പേയ്‌മെന്റുകൽക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്എക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് സ്വപ്‌ന സുരേഷാണ്.