സംസ്ഥാനത്തെ കോവിഡ് മരണപട്ടിക പൂർണമല്ലെന്ന് പ്രതിപക്ഷം; പ്രതികരണവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് മരണപട്ടിക പൂർണമല്ലെന്ന് പ്രതിപക്ഷം. കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് സർക്കാർ മറച്ചുവെച്ചെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കോവിഡ് മരണക്കണക്കിൽ അപാകതയുണ്ടെന്നും അർഹരായ കുടുംബങ്ങൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുമെന്നും കാണിച്ച് പി.സി വിഷ്ണുനാഥ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ മരണക്കണക്ക് മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

സംസ്ഥാനത്തെ 30 ശതമാനം കോവിഡ് മരണവും ആശുപത്രിയിൽ എത്താൻ വൈകിയതു കൊണ്ടാണെന്ന ആരോഗ്യ വകുപ്പിന്‍റെ രേഖ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ് സഭയിൽ വായിച്ചു. “സമഗ്രമായി ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് മാസമായി. നിയമപരമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം കൂടാതെ സർക്കാരിന് എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കണം. വാക്സിൻ ചലഞ്ചിലൂടെ വാങ്ങിയ 800 കോടി ഉപയോഗിക്കണം. സെറോ സർവെ ഫലം സഭയിൽ പറയണം. സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് ബാധിച്ച് പ്രതിദിനം 100 നും 150 നും ഇടയിൽ മരിക്കുന്നു. വാക്സിൻ എടുത്തിട്ടും ദിവസവും 150 പേർ മരിക്കുന്നതിന് കാരണം വ്യക്തമാക്കണം.”- പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

“മറ്റ് സംസ്ഥാനങ്ങളിൽ പുഴകളുടെയും നദികളുടെയും മൃതദേഹങ്ങൾ ഒഴുകിനടക്കുകയാണ്. ഓക്സിജൻ ഇല്ലാതെ കേരളത്തിൽ ഒരാൾ പോലും മരിക്കുന്നില്ല. ജൂൺ മാസം മുതൽ മരണങ്ങൾ ഓൺലൈൻ ആയിട്ടാണ് അപ്ഡേറ്റ് ചെയ്യുന്നത്. വളരെ വിശദമായി തന്നെ വിഷയം പരിശോധിച്ചിരുന്നു. ജില്ല അടിസ്ഥാനത്തിൽ വിവരം ശേഖരിച്ച് വിലയിരുത്തുന്നുണ്ട്. ലാബ് റിപ്പോർട്ടുകൾ ഇല്ലാത്തതിനാലാണ് ചില മരണങ്ങൾ ഉൾപ്പെടാതെ പോയത്. ആവശ്യമായ രേഖകൾ ഇല്ലാത്ത ഏഴായിരത്തോളം മരണങ്ങൾ ഉണ്ടായി. ഇതുകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ അപ്ഡേഷൻ നടത്തുന്നത്..ഇനിയും പരാതി ഉണ്ടെങ്കിൽ പരിശോധിക്കും. ആശുപത്രിയിലെത്തിക്കാൻ താമസിക്കുന്ന സാഹചര്യമുണ്ട്.” – ആരോഗ്യ മന്ത്രി അടിയന്തര പ്രമേയത്തിനു മറുപടി പറഞ്ഞു.