ആനയുടെ ആക്രമണത്തില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ തെന്മല ആദിവാസി കേന്ദ്രത്തിലെ പേരെക്കല്ല് ആറ്റരികത്തുവീട്ടില്‍ ഗോപന്‍ന്റെ മകന്‍ ഷിജുകാണി (14) യാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് നെയ്യാര്‍ വനത്തിലെ കൊമ്പൈക്കാണിയിലായിരുന്നു സംഭവം. ഷിജുകാണിയെ ആന തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഷിജു തത്ക്ഷണം മരിച്ചു. ഷിജുവിനോടൊപ്പമുണ്ടായിരുന്ന അലന്‍ (16), ശ്രീജിത്ത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷിബു ഓടി രക്ഷപ്പെട്ടു. കൂട്ടുകാരോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഷിജു ഇവിടെ എത്തിയത്. ആന ഈറ്റക്കാട്ടില്‍ നില്‍ക്കുകയായിരുന്നു. ഷിജുകാണി ഈറ്റ ഒടിക്കുന്നതിനിടയില്‍ ആന ഷിജുവിനെ തുക്കിയെടുത്ത് തറയിലടിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന അലനും ശ്രീജിത്തും ഓടുന്നതിനിടെ വീണു പരിക്കേറ്റു. അതിനിടെ, കൂടെ വന്ന ഷിബു ഓടി രക്ഷപ്പെടുകയും ചെയ്തു. ഷിബുവില്‍ നിന്നും വിവരം കിട്ടിയതോടെ ആദിവാസികള്‍ എത്തി ആനയെ വിരട്ട് ഓടിച്ചു. ഇതിനിടെ ഷിജുകാണി മരിച്ചിരുന്നു. വിവരം വനംവകുപ്പ് ഓഫിസില്‍ അറിയിച്ചതോടെ ബോട്ട് എത്തി ഷിജുവിനേയും പരിക്കേറ്റവരേയും അതില്‍ കയറ്റി നെയ്യാര്‍ഡാമില്‍ എത്തിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. ആനകളുടെ താവളമാണ് കൊമ്പൈക്കാണി.