തിരുവനന്തപുരം: സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ശിശുരോഗ വിദഗ്ധരുടേയും വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും അമ്മമാർക്ക് സ്വകാര്യമായി മുലയൂട്ടാൻ പറ്റുന്ന സൗകര്യമൊരുക്കും. ആശുപത്രികളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ, ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുക, 6 മാസം വരെ മുലപ്പാൽ അല്ലാതെ വേറെ ഭക്ഷണം കൊടുക്കാതിരിക്കുക, കൃത്രിമ ബേബി ഫുഡ് കൊടുക്കാതിരിക്കുക, കുപ്പിപ്പാൽ കൊടുക്കാതിരിക്കുക, അമ്മമാരെയും ആശുപത്രികളിലെ ജീവനക്കാരേയും ഈ കാര്യങ്ങൾ പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മാതൃശിശു സൗഹൃദ ആശുപത്രിയ്ക്കായി ലക്ഷ്യം വയ്ക്കുന്നത്.