ബീവറേജ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്ക്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്കിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്‌കോയ്ക്ക് മുന്നിൽ കൂട്ടയിടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് മദ്യശാലകൾക്ക് മുന്നിൽ വരി നിൽക്കുന്നത്. ഇത്തരത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ ക്യൂ നിൽക്കുകയാണെങ്കിൽ രോഗവ്യാപനം ഉണ്ടാകില്ലേയെന്ന് കോടി ചോദിച്ചു

അഞ്ഞൂറോളം പേരാണ് മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടായിരുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കഴിഞ്ഞ് മദ്യശാലകൾ തുറന്നപ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു സംവിധാനവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു

പത്ത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. പതിനാറിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ബെവ്‌കോ എംഡിയും എക്‌സൈസ് കമ്മീഷണറും ഓൺലൈനായി കോടതിയിൽ ഹാജരാകാനും കോടതി നിർദേശിച്ചു.