ബെവ്കോയ്ക്ക് മുന്നിലെ ക്യൂ ഒഴിവാക്കണം; നയപരമായ മാറ്റം ആവശ്യമെന്ന് ഹൈക്കോടതി

 

ബെവറേജസിന് മുന്നിലെ ക്യു ഒഴിവാക്കണമെന്ന് ഹൈക്കോടതി. ബെവ്കോ ഷോപ്പുകളില്‍ മദ്യം വാങ്ങാനായി ആളുകള്‍ ക്യു നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മറ്റ് കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ഏര്‍പ്പെടുത്തി കൂടെയെന്ന് ചോദിച്ച ഹൈക്കോടതി നയപരമായ മാറ്റം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

ബെവ്‌കോയ്ക്ക് മുന്നില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതിനെതിരെ ഹൈക്കോടതി ഇതിനുമുമ്പും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മദ്യം വാങ്ങാനായുള്ള ക്യൂ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി കോടതി രംഗത്തെത്തിയത്. 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്ന് സര്‍ക്കാര്‍ വാദത്തിന് മറുപടിയായി പരിഷ്‌ക്കരങ്ങള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലെക്ക് മാറ്റിയത് പോലെ ആകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

അതേ സമയം കോടതി നിർദേശങ്ങളെ തുടർന്ന് ഇതുവരെ 10 മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്നും 33 കൗണ്ടറുകൾ ഇതിനകം പരിഷ്കരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ക്യൂ നിൽക്കാതെ മദ്യം വാങ്ങി തിരികെ പോകാൻ കഴിയുന്ന രീതിയില്‍ വാക്കിംഗ് ഷോപ്പ് സംവിധാനം തുടങ്ങുന്നതിലുള്‍പ്പെടെ നിലപാടറിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കും.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വിവാഹം പോലുള്ള ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കെ മദ്യശാലകള്‍ക്ക് മുന്നിലെ കൂട്ടിയിടി എന്തുകൊണ്ടാണെന്നും ചോദ്യവും കോടതി ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടി നല്‍കവെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യം വാങ്ങാനുള്ള ക്യൂ ഒഴിവാക്കാന്‍ വേണ്ട സംവിധാനം ഏര്‍പ്പെടുത്തികൂടെയെന്ന് കോടതി ആരാഞ്ഞത്.