‘മൂന്നാഴ്ച്ച നിര്‍ണ്ണായകം’; ജനങ്ങള്‍ ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്ബയിനിലേക്ക് മടങ്ങണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. വരുന്ന മൂന്നാഴ്ച്ച കേരളത്തിന് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ ജനങ്ങള്‍ കൂട്ടംകൂടിയിട്ടുണ്ട്. അതിനാല്‍ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് ഇന്നലെ മാത്രം 3500 ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ‘ബാക്ക് ടു ബേസിക്‌സ്’ ക്യാമ്ബയിനിലേക്ക് മടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. എല്ലാവരും സോപ്പ്, മാസ്‌ക് എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ അണുമുക്തമാക്കണം. പൊതുസ്ഥലങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതിദിന കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനും, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്നവര്‍ ഒരാഴ്ച്ചത്തെ ക്വാറന്റീനില്‍ തുടരണം.
അതേസമയം വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ പുതിയ തീരുമാനം എന്ന രീതിയില്‍ വ്യാഴാഴ്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.
നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തില്‍ നിന്ന് മടങ്ങി പോകുന്നവര്‍, ക്വാറന്റീനില്‍ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ ഇവിടെ കഴിയുന്നുണ്ടെങ്കില്‍ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.