കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ഓര്‍മപ്പെടുത്തുകയാണ് ആരോഗ്യ വകുപ്പ്. പ്രചരണത്തിന് പോവുന്നവര്‍ ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് ഒഴിവാക്കണം, വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പോവുന്നവര്‍ ഒരു കാരണവശാലും കുട്ടികളെ എടുക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. നോട്ടീസുകളുടെയും ലഘുലേഖകളുടെയും വിതരണം പരമാവധി കുറച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരിക്കുന്ന നിര്‍ദേശം.
ലഘുലേഖകളോ നോട്ടീസുകളോ വാങ്ങിയാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരമാവധി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.വീടിനകത്തേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ടുതന്നെ വോട്ടഭ്യര്‍ഥിക്കണം. രണ്ട് മീറ്റര്‍ അകലം പാലിക്കണം.വീട്ടിലുള്ളവരും സ്ഥാനാര്‍ഥിയും ടീമംഗങ്ങളും നിര്‍ബന്ധമായും മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. സാനിറ്റൈസര്‍ കൈയില്‍ക്കരുതി ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കണം.പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പ്രചാരണത്തിനിറങ്ങരുത്. ഈ രോഗലക്ഷണങ്ങളുള്ള വീട്ടുകാരും സന്ദര്‍ശനത്തിനെത്തുന്നവരെ കാണരുത്.
ഏതെങ്കിലും സ്ഥാനാര്‍ഥി കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍തന്നെ പ്രചാരണരംഗത്തുനിന്ന് മാറിനില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. പരിശോധനാഫലം നെഗറ്റീവായതിനുശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ. കൊവിഡ് പോസിറ്റീവായ രോഗികളുടെയോ ക്വാറന്റൈനിലുള്ളവരുടെയോ വീടുകളില്‍ സ്ഥാനാര്‍ഥി നേരിട്ടുപോകാതെ ഫോണ്‍ വഴിയോ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ വോട്ടഭ്യര്‍ഥിക്കുന്നതാണ് ഉചിതം.