കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. സ്വത്തുതർക്കത്തെ തുടർന്നായിരുന്നു വെടിവെപ്പ്. വെടിവെച്ച ജോർജ് കുര്യന്റെ മാതൃസഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്‌കറിയ പുലർച്ചെയോടെ മരിച്ചു. ജോർജ് കുര്യന്റെ സഹോദരൻ രഞ്ജു കുര്യൻ നേരത്തെ മരിച്ചിരുന്നു. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു
കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യതയുള്ള ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപ്പന നടത്താനുള്ള പദ്ധതിയിട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അര ഏക്കർ സ്ഥലം ഒഴിച്ചിടണമെന്ന് രഞ്ജു ആവശ്യപ്പെട്ടു. എന്നാൽ ജോർജ് ഇത് അംഗീകരിച്ചില്ല
ഇത് ഒത്തുതീർക്കാനാണ് മാത്യു സ്‌കറിയ എത്തിയത്. സംസാരത്തിനിടെ സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെക്കുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ മാത്യുവിന് നേരെയും വെടിവെച്ചു. രഞ്ജു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.