കുട്ടികളെ വഴിതെറ്റിക്കുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണം

 

കുട്ടികളെ ചൂഷണം ചെയ്ത് അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന പരസ്യങ്ങള്‍ ഇനി മുതല്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. കുട്ടികളുടെ പരിപാടികളില്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനാണ് വനിത ശിശു ക്ഷേമ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി 17ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളെ കുറിച്ചുള്ള പുതിയ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. കുട്ടികളുടെ പരിപാടികള്‍ക്കിടയില്‍ ജങ്ക് ഫുഡ് പരസ്യങ്ങള്‍ നല്‍കുന്നത് ഇനിമുതല്‍ അനുവദിക്കില്ല.

സെലിബ്രിറ്റികളുടെ അപകടരമായ മത്സരങ്ങള്‍ കാണിക്കുന്ന തരത്തിലുള്ള കാര്‍ബണേറ്റ് പാനീയങ്ങളുടെ പരസ്യവും പ്രോത്സാഹിപ്പിക്കരുതെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ബുദ്ധി വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കാണിക്കുന്ന തരത്തില്‍ ഡിഎച്ച്എ, ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ക്കും വിലക്ക് വന്നേക്കാം. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തു പൊണ്ണത്തടി ഉണ്ടാവുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങളും മറ്റും കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണമാകുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. ആഭ്യന്തരം, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ -ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്നതോ മാനസികരോഗ്യത്തെ ബാധിക്കുന്നതോ ആയ ഉള്ളടക്കം പരസ്യങ്ങളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. 2021 ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിയുടെ യോഗത്തില്‍ കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങള്‍ക്ക് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാക്കുന്ന തരത്തില്‍ അവരുടെ പരിചയമില്ലായ്മ, നിഷ്‌കളങ്കമായ വിശ്വാസം ഇതൊന്നും പ്രയോജനപ്പെടുത്തി ഒരു ഉല്‍പ്പന്നത്തിന്റെയും സേവനങ്ങളോ, സവിശേഷതയോ പെരുപ്പിച്ചു കാണിക്കരുതെന്ന് പഴയ കരട് മാര്‍ഗനിര്‍ദേശത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു കുട്ടി പരസ്യങ്ങളില്‍ കാണുന്ന ഉല്‍പന്നങ്ങള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തില്ലെങ്കില്‍ അവര്‍ മറ്റുള്ളവരെക്കാള്‍ മോശമാണെന്ന ചിന്ത കുട്ടികളില്‍ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള പരസ്യങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു. കുട്ടികളെ മാത്രമല്ല ഒരു സാധനമോ സേവനമോ വാങ്ങാന്‍ മാതാപിതാക്കളയോ രക്ഷിതാക്കളയോ മറ്റ് വ്യക്തികളെയോ പ്രേരിപ്പിക്കരുത്. പുകയില, മദ്യം തുടങ്ങിയ ഉല്‍പന്നങ്ങളുടെ പരസ്യത്തിലും കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന് 2020ലെ ഉപഭോക്തൃ കാര്യ വകുപ്പിന്റെ കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജങ്ക് ഫുഡുകളെ പറ്റി പരാമര്‍ശിച്ചിരുന്നില്ല. അതും കൂടി ഉള്‍പ്പെടുത്തി ഈ മാസം അവസാനത്തോടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ലെ ഉപഭോക്ത സംരക്ഷണ നിയമം അനുസരിച്ച് ഉല്‍പന്നമായോ സേവനമായോ ബന്ധപ്പെട്ട തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് 10 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം വരെ ഉല്‍പന്നങ്ങളുടെ വിപണനവും തടഞ്ഞിരുന്നു. ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് കൂടി വ്യവസ്ഥകള്‍ കൊണ്ടുവന്നാല്‍ പരസ്യങ്ങളിലൂടെ കുട്ടികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.