സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിനെ കേന്ദ്ര ഏജൻസികൾ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം നടക്കുന്നത്.
മുഖ്യമന്ത്രിയെ കുടുക്കാനായി ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെ ഓഡിയോ സംഭാഷണം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ ഓഡിയോയ്ക്ക് പിന്നിലെ തിരക്കഥ ശിവശങ്കറിന്റേതായിരുന്നുവെന്ന് സ്വപ്‌ന പിന്നീട് ചാനലുകളിൽ വെളിപ്പെടുത്തുകയായിരു്‌നു. ഫോൺ റെക്കോർഡിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനാണ് ഇ ഡിയുടെ ശ്രമം
ശിവശങ്കർ ആസൂത്രണം ചെയ്ത പദ്ധതിപ്രകാരം ഗാർഡ് നിന്ന പോലീസുദ്യോഗസ്ഥയാണ് മൊബൈലിൽ ശബ്ദം റെക്കോർഡ് ചെയ്തതെന്നാണ് സ്വപ്‌ന പറഞ്ഞത്. ഇതോടെ കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഈ നീക്കം ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലാണ്.
ശിവശങ്കറിന്റെ ആത്മകഥക്ക് പിന്നാലെയാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളും വന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദമുണ്ടെന്നാണ് ആത്മകഥയിൽ ശിവശങ്കർ പറഞ്ഞത്. താനാണ് കേസിലെ കിംഗ് പിൻ എന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞു. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ സ്വപ്‌ന സഹായം ചോദിച്ചെങ്കിലും നൽകിയില്ലെന്നും ശിവശങ്കറിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.