ഇടുക്കി ഡാമും തുറന്നു: ചെറുതോണിയിലെ മൂന്നാം ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് ഡാമിലെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.

നാല് മാസത്തിനിടെ മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്നലെ 120 സെന്റിമീറ്റർ വീതമുയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. പോലീസുദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി