തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; ജാഗ്രത കുറവ് പാടില്ലെന്ന് ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കും തിരക്കും രൂപപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

സാമഗ്രി വിതരണത്തിലും കൊവിഡ് പ്രോട്ടോക്കാൾ പാലിക്കണം. ജാഗ്രതക്കുറവ് പാടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നാലാഞ്ചിര സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് ആൾക്കൂട്ടമുണ്ടായത്. പോളിംഗ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിക്കാതെ തിരക്ക് കൂട്ടുകയായിരുന്നു

എന്നാൽ തുടക്കത്തിലെ തിരക്ക് മാത്രമായിരുന്നുവെന്നാണ് സബ് കലക്ടർ മാധവിക്കുട്ടി പറഞ്ഞത്. തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണമുണ്ട്. പെട്ടെന്ന് തന്നെ ജീവനക്കാരെ ബൂത്തിലേക്ക് വിടാനാണ് ശ്രമമെന്നും സബ് കലക്ടർ പറഞ്ഞു.