അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്; വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിൽ മുന്നണികൾ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടിംഗ് നാളെ. അഞ്ച് ജില്ലകളാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 88 ലക്ഷത്തോളം വോട്ടർമാർ വിധിയെഴുത്തിൽ നാളെ പങ്കാളികളാകും. പരസ്യപ്രചാരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിൽ വോട്ടുറപ്പിക്കാനുള്ള നടപടികൾ മുന്നണികൾ സജീവമാക്കുകയാണ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം കോർപറേഷനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ശക്തമായ ത്രികോണ മത്സരമാണ് കോർപറേഷനിൽ. ഭരണത്തുടർച്ചക്കായി ഇടതുമുന്നണി ഇറങ്ങുമ്പോൾ ഏതുവിധേനയും ഭരണം പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കോൺഗ്രസും ശക്തമായ മത്സരം കാഴ്ചവെക്കുന്നു

കൊല്ലത്ത് യുഡിഎഫിന് തലവേദനയാകുന്നത് വിമത ശല്യമാണ്. സിപിഎം-സിപിഐ തർക്കങ്ങൾ ഇടതുമുന്നണിയിലും പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് ശക്തി തെളിയിക്കേണ്ട അവസരമാണ്. ആലപ്പുഴയിലും മത്സരം ശക്തമാകും.