ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് പോലീസ്; ഇളവുകൾ വെട്ടിക്കുറച്ചേക്കും

 

സംസ്ഥാനത്ത് നാളെ മുതൽ ഏർപ്പെടുത്തുന്ന ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് പോലീസ്. പ്രഖ്യാപിക്കപ്പെട്ട ഇളവുകളിൽ ചിലത് വെട്ടിക്കുറയ്ക്കാൻ ഇതോടെ സാധ്യതയേറി. നിർമാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതിലും നിയന്ത്രണങ്ങൾ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു

ഇന്നലെ ഇറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് സംബന്ധിച്ച് പോലീസിന് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. വലിയ ഇളവുകൾ നൽകി കൊണ്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഫലവത്താകില്ലെന്ന അഭിപ്രായമാണ് പോലീസിനുള്ളത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്

നിർമാണ മേഖലയ്ക്ക് ഇളവ് നൽകിയാൽ കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും. ഇത് ജനങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. സഹകരണ മേഖലയിൽ സാമ്പത്തിക സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതും കൂടുതൽ പേർ പുറത്തിറങ്ങുന്നതിന് വഴിയൊരുക്കും. കടകളുടെ പ്രവർത്തന സമയം പരമാവധി അഞ്ച് മണിക്കൂറായി നിശ്ചയിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു.