പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് നാടിന് തുറന്നു കൊടുക്കും. വൈകുന്നേരം നാല് മണിക്കാണ് പാലം തുറന്നു നൽകുന്നത്. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളുണ്ടാകില്ല. അഞ്ച് മാസം കൊണ്ടാണ് പാലം പുനർനിർമിച്ചത്.
2019 മെയ് മാസത്തിലാണ് പാലം അടച്ചിട്ടത്. നേരത്തെ 2016 ഒക്ടോബർ 12നാണ് പാലം ആദ്യം ഉദ്ഘാടനം ചെയ്തത്. എന്നാൽ ആറ് മാസത്തിനുള്ളിൽ തന്നെ കേടുപാടുകൾ കണ്ടെത്തി. പാലം പണിയിൽ വലിയ അഴിമതി നടന്നുവെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അടക്കം അറസ്റ്റിലായി
ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ യാത്രയിൽ പങ്കാളികളാകും. ട്രാഫിക് സിഗ്നൽ ഇല്ലാത്ത ഗതാഗത ക്രമീകരണമാകും പാലത്തിനടിയിൽ ഉണ്ടാകുക. ഇപ്പോൾ പാലത്തിന് രണ്ടറ്റത്തുമായി ക്രമീകരിച്ചിരിക്കുന്ന യു ടേൺ പാലത്തിന്റെ രണ്ട് സ്പാനുകൾക്കടിയിലൂടെ പുനക്രമീകരിക്കും.