പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ വീണ്ടും തർക്കം മുറുകുന്നു. സമവായ സാധ്യതകൾ മങ്ങുന്നതായാണ് സൂചന. മാണി സി കാപ്പൻ യുഡിഎഫിലേക്ക് തന്നെ പോകുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. കേരളത്തിലെത്തുന്ന എൻസിപി ദേശീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല
ശരദ് പവാറുമായി സംസ്ഥാനത്തെ എൻസിപി നേതാക്കൾ നടത്തിയ ചർച്ചയിൽ ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് ആവർത്തിച്ചിരുന്നു. നാല് സീറ്റിൽ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളും പ്രതികരിച്ചു. ഇതിന് ശേഷമാണ് കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം അനുവദിക്കാത്തത്.
മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി വരാനുള്ള സാധ്യതയാണ് തെളിയുന്നത്. മാണി സി കാപ്പൻ കഴിഞ്ഞ ദിവസം എഐസിസി സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. എൻസിപി ഇടതുമുന്നണിയിൽ ഉറച്ചുനിന്നാലും മാണി സി കാപ്പൻ മുന്നണി വിട്ടേക്കുമെന്നാണ് സൂചന.