തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണം: കെ കെ ശൈലജ ടീച്ചര്‍, വോട്ടിന് പോകും മുന്നേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

തിരുവനന്തപുരം: കോവിഡ് ഭീക്ഷണി നില നില്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കും. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം.

പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക

കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടു പോകരുത്

വോട്ട് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ  മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും അകലം പാലിക്കണം.

വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം

ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം

അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം