തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡിന്റെ പെരുമാറ്റച്ചട്ടത്തില്‍ ജാഥകളോ പൊതുയോഗങ്ങളോ റാലികളോ ഇല്ലാതെയാണ് ഇക്കുറി പ്രചാരണം കൊടിയിറങ്ങുന്നത്. അഞ്ചു ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടര്‍മാരാണുള്ളത്. ഇതില്‍ 41,58,341 പേര്‍ പുരുഷന്‍മാരും 46,68,209 സ്ത്രീ വോട്ടര്‍മാരും 70 ട്രാന്‍സ്ജെന്‍ഡറുകളുമാണുള്ളത്. 24,584 സ്ഥാനാര്‍ഥികള്‍ അഞ്ചു ജില്ലകളില്‍ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം 6465, കൊല്ലം 5723, ആലപ്പുഴ 5463, പത്തനംതിട്ട 3699, ഇടുക്കി 3234 എന്നിങ്ങനെ പോകുന്നു കണക്കുകള്‍.