കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ല; കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം തുറന്നുകാണിക്കും: സിപിഎം സെക്രട്ടേറിയറ്റ്

ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടർന്നുള്ള വിവാദങ്ങളിൽ കോടിയേരി ബാലകൃഷ്ണന് പിന്തുണയുമായി പാർട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായമുയർന്നു. മകനുമായി ബന്ധപെട്ട വിഷയത്തിൽ താനോ പാർട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി യോഗത്തിൽ പറഞ്ഞു

വ്യക്തിയെന്ന നിലയിൽ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അന്വേഷണം നടക്കുകയാണ്. തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ. ബിനീഷുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിയുടെ സഹായം ആവശ്യമില്ല. എന്നാൽ ബിനീഷിന്റെ കുടുംബത്തെ 26 മണിക്കൂറോളം നേരം പൂട്ടിയിട്ട നടപടി മനുഷ്യാവകാശ ലംഘനമാണെന്നും കോടിയേരി പറഞ്ഞു

മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇവ തുറന്നു കാണിച്ച് അന്വേഷണ ഏജൻസികൾക്കെതിരെ പ്രക്ഷോഭം തുടരാനും യോഗത്തിൽ തീരുമാനമായി