തിരുവല്ലയിൽ ആംബുലൻസ് ഇരുമ്പ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് മാസം ഗർഭിണിയായ യുവതിയടക്കം നാല് പേർക്ക് ഗുരുതര പരുക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെ മഞ്ഞാടിയിലായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും ഗർഭിണിയുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
എട്ട് മാസം ഗർഭിണിയായ സീതത്തോട് ചരിവുകാലായിൽ റസീന സെയ്ദുമായാണ് ആംബുലൻസ് പുഷ്പഗിരി ആശുപത്രിയിലേക്ക് പോയത്. റസീനയുടെ പിതൃസഹോദരി നബീസ, ഇവരുടെ മകൾ സാലിക, ഭർതൃമാതാവ് സാഹിദ എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു
പരുക്കേറ്റ റസീനയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി കുട്ടിയെ പുറത്തെടുത്തു. റസീന ഐസിയുവിലാണ്. സാഹിദയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.