എ ആർ നഗർ ബാങ്കിനെ ലീഗിന്റെ സ്വിസ് ബാങ്കാക്കി മാറ്റി; നടന്നത് 1021 കോടി രൂപയുടെ ക്രമക്കേടെന്ന് ജലീൽ

 

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെ ടി ജലീൽ. മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി ജലീൽ ആരോപിച്ചു

കുഞ്ഞാലിക്കുട്ടിയും സംഘവും എ ആർ നഗർ സഹകരണ ബാങ്കിനെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഈടാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

257 കസ്റ്റമർ ഐഡി കളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ബാങ്ക് സെക്രട്ടറി ഹരികുമാർ നടത്തിയെന്നും ജലീൽ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് ഈ ബിനാമി അക്കൗണ്ടുകളെന്നും ജലീൽ പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ മാത്രം 114 കോടി രൂപയുടെ അനധികൃത ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴി നടന്നെന്നും 257 കസ്റ്റമർ ഐഡി പരിശോധിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചതെന്നും ജലീൽ പറയുന്നു. മുഴുവൻ കസ്റ്റമർ ഐഡികളും പരിശോധിക്കപ്പെട്ടാൽ കള്ളപ്പണ ഇടപാടിൽ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകൽ കൊള്ളയുടെ ചുരുളഴിയുമെന്നും ജലീൽ പറഞ്ഞു.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ നഗർ കോപ്പറേറ്റീവ് ബാങ്കിൽ അൻപതിനായിരത്തിൽപരം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളതെന്നം. 257 കസ്റ്റമർ ഐ.ഡി കളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാർ നടത്തിയിരിക്കുന്നതെന്നും ജലീൽ ആരോപിച്ചു