ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് നടക്കും. യുഡിഎഫിൽ തുടരണോ അതോ എൽഡിഎഫിലേക്ക് പോകണോ എന്ന കാര്യത്തിൽ യോഗത്തിൽ ചർച്ചയുണ്ടാകും.
യുഡിഎഫ് വിട്ടാൽ ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇടതുപക്ഷത്തേക്ക് പോകുകയാണെങ്കിൽ പാർട്ടിയുടെ ഭാവി എന്താകുമെന്നതിനെ കുറിച്ചും ചർച്ചകൾ നടക്കും
പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും വരാനിരിക്കെ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും പിജെ ജോസഫ് വിഭാഗം ഇതിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ട്.
ഇടതുപക്ഷത്തേക്ക് വരുന്നതിൽ മുമ്പ് എതിർ ശബ്ദം ഉയർത്തിയ സിപിഐ ഇപ്പോൾ മയപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടും ഇടതു മുന്നണി പ്രവേശനത്തിന് പറ്റിയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന വിലയിരുത്തലിലാണ് നേതാക്കൾ. പാർട്ടിയുടെ ഭൂരിഭാഗം നേതാക്കളും എൽഡിഎഫ് പ്രവേശനം ആഗ്രഹിക്കുന്നവരാണ്. ്