ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇ ഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കില്ല. ചികിത്സയിലുള്ള ഹൈദരലി അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ചന്ദ്രിക ഫിനാൻസ് മാനേജർ സമീർ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായേക്കും.
വിഷയത്തെ ചൊല്ലി മുസ്ലിം ലീഗിൽ കടുത്ത പൊട്ടിത്തെറിയാണ് നടക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈദരാലിയുടെ മകൻ മൊയിൻ അലി ഇന്നലെ വാർത്താ സമ്മേളനം നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അനുയായികൾ ഇടയ്ക്ക് വെച്ച് അസഭ്യം പറഞ്ഞ് വാർത്താ സമ്മേളനം നിർത്തിക്കുകയും ചെയ്തതോടെ ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് ലീഗ് കടന്നുപോകുന്നത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി കുറ്റങ്ങൾ വിളിച്ചുപറഞ്ഞ മൊയിൻ അലിക്കെതിരെ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് മറുവിഭാഗവും രംഗത്തുവരികയാണ്.