ന്യൂഡല്‍ഹി: എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍ കേരളം ഏറ്റവും മന്ദഗതിയിലെന്ന് വെളിപ്പെടുത്തിയത്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് 11 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ അത് ഏഴ് ശതമാനം വര്‍ധിക്കുകയാണുണ്ടായത്. മഹാരാഷ്ട്രയില്‍ നാല് ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയും രണ്ടാം തരംഗത്തെ മറി കടക്കുന്നത് മന്ദഗതിയിലാണ്. രാജ്യത്തെ പുതിയ കേസുകളില്‍ 48 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് റിപ്പോർട്ട് പറയുന്നു.
രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും കൊറോണ വൈറസിന്‍റെ മൂന്നാം തരംഗം അടുത്ത മാസം പകുതിയോടെ ഇന്ത്യയെ ബാധിക്കുമെന്നും സെപ്റ്റംബറില്‍ കേസുകള്‍ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം തരംഗത്തിലെ ഉയര്‍ന്ന കേസുകളുടെ ശരാശരി രണ്ടാം തരംഗത്തിലേതിനേക്കാള്‍ 1.7 ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.