നിയമസഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസകിനും ജി സുധാകരനും സീറ്റ് നൽകാത്തതിൽ ആലപ്പുഴയിൽ അണികൾക്കിടയിൽ അതൃപ്തി പുകയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സ്ഥാനാർഥി പട്ടിക അംഗീകരിക്കാനായി ജില്ലാ നേതൃയോഗം ഇന്ന് ചേരും.
ഐസകിനും സുധാകരനും വീണ്ടും അവസരം ലഭിക്കാനായി സംസ്ഥാന നേതൃത്വത്തിന് മേൽ ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾ സമ്മർദം ചെലുത്തിയിരുന്നു. ഇരുവർക്കും സീറ്റ് നൽകാത്തത് വിജയസാധ്യതക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനമെന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്.
അതേസമയം ജില്ലാ കമ്മിറ്റിയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. മാവേലിക്കരയിൽ ആർ രാജേഷിന് ഇളവ് നൽകാത്തതിനും അണികൾക്ക് അതൃപ്തിയുണ്ട്. അരൂരിൽ ഗായിക ദലീമ ജോജോക്ക് അവസരം ലഭിച്ചതും അണികളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.