കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കെ.എസ്.ആർ.ടി.സി. പുറത്തിറക്കുന്ന ‘എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ റിസർവേഷൻ ആപ്പ് ആറിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഇതോടൊപ്പം കെ.എസ്.ആർ.ടി.സി. നടപ്പാക്കുന്ന മറ്റ് പദ്ധതികളായ ‘കെ.എസ്.ആർ.ടി.സി. ജനതാ സർവീസ്’ ലോഗോ, ‘കെ.എസ്.ആർ.ടി.സി. ലോജിസ്റ്റിക്സ്’ ലോഗോ എന്നിവയും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും.
ഇതുവരെ കെ.എസ്.ആർ.ടി.സി.ക്ക് ഓൺലൈൻ റിസർവേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലായിരുന്നു. അഭി ബസുമായി ചേർന്നാണ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ റിസർവേഷൻ ആപ്പ് ‘എന്റെ കെ.എസ്.ആർ.ടി.സി.’ തയ്യാറാക്കിയിരിക്കുന്നത്. എല്ലാവിധ ആധുനിക പേമെന്റ് സംവിധാനങ്ങളുമുള്ളതാണ് ഈ ആപ്ലിക്കേഷൻ.
കോവിഡിൽ യാത്രക്കാരുടെ കുറവ് കാരണമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായി കെ.എസ്.ആർ.ടി.സി.യുടെ ‘അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി’ ബസുകൾ ആരംഭിച്ചിരുന്നു.
ഈ സർവീസിന് പേര് നിർദേശിക്കാനുള്ള കെ.എസ്.ആർ.ടി.സി.യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന് ആയിരത്തിലധികം നിർദേശങ്ങളാണ് ലഭിച്ചത്. കൂടുതൽ പേർ ആവശ്യപ്പെട്ട ‘കെ.എസ്.ആർ.ടി.സി. ജനത സർവീസ്’ എന്ന പേര് സർവീസിന് നൽകുന്നതായും മന്ത്രി അറിയിച്ചു. ഇതിനായി ഒരു ലോഗോയും തയ്യാറാക്കിയിട്ടുണ്ട്.