തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു സംസ്ഥാനത്തു കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്നു യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ. ആള്‍ക്കൂട്ട സമരങ്ങളാണ് കൊവിഡ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിലാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നതുമാണ്. എന്നാല്‍ അത് നടന്നില്ല- ഹസന് പറഞ്ഞു. അന്ന് ഐ.എം.എ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം വന്നതോടെ സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മറച്ചുവെയ്ക്കാനാണ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്നും ഹസന് പറഞ്ഞു.
ജനകീയ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിയായി സര്‍ക്കാര്‍ കൊവിഡ് രോഗത്തെ കാണുന്നു. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിനൊപ്പം സഹകരിക്കും എന്നാല്‍ അഴിമതിക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാട് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.