തിരുവനന്തപുരം:പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് തടസ്സമായ സംവരണക്കുരുക്ക് അഴിക്കാന്‍ ഫയല്‍ വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്ക് വിട്ടു. പ്രശ്നത്തില്‍ നിയമവകുപ്പിെന്റ ഉപദേശം തേടാനും മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷം മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പത്ത് ശതമാനം മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്) ഏര്‍പ്പെടുത്തിയതോടെ മൊത്തം സംവരണം 58 ശതമാനമായി ഉയര്‍ന്നിരുന്നു.
^^
മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി മൊത്തം സംവരണം 50 ശതമാനം കവിയരുതെന്ന് ഉത്തരവിട്ടതോടെയാണ് കേരളത്തില്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കാളികളാകുന്ന പ്ലസ് വണ്‍ ഏകജാലക പ്രവേശനം അനിശ്ചിതത്വത്തിലായത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംവരണകാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിലേക്ക് കത്ത് നല്‍കിയിരുന്നു. സാധാരണഗതിയില്‍ എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചാല്‍ തൊട്ടുപിന്നാലെ പ്ലസ് വണ്‍ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കാറുണ്ട്. എസ്.എസ്.എല്‍.സി ഫലം ജൂലൈ 14ന് പ്രസിദ്ധീകരിച്ചെങ്കിലും സംവരണ വിഷയത്തില്‍ തീരുമാനം വൈകിയതോടെ പ്രോസ്പെക്ടസിന് അംഗീകാരം നല്കാന് കഴിഞ്ഞിട്ടില്ല. ഇതിനുശേഷമേ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാകൂ. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷഫലം കൂടി വരുന്നതോടെ ആഗസ്റ്റ് ആദ്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിക്കുമെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരുന്നത്. എന്നാല്‍, സി.ബി.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചിട്ടും പ്ലസ് വണ്‍ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതില്‍ തീരുമാനമെടുക്കാനായിട്ടില്ല.