വിദ്യാർഥിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് എംഎൽഎയുടെ പ്രതികരണം. ആരോ പ്ലാൻ ചെയ്തു വിളിക്കുന്നത് പോലെയാണ് ഫോൺ വരുന്നത്. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷേ ഇന്നുവരെ അവർക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല
വരുന്ന എല്ലാ കോളുകളും എടുക്കുന്ന ആളാണ് താൻ. എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കുന്നയാളുമാണ്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോൺ വന്നതും. ആദ്യ കോൾ വന്നപ്പോൾ സൂം മീറ്റിംഗിലാണെന്നും തിരിച്ചു വിളിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ തുടരെ തുടരെ ആറോളം കോളുകൾ വന്നു.
ഓരോ തവണയും കുട്ടികളെ ഉപയോഗിച്ച് ഹരാസ് ചെയ്യുകയാണ്. ഫോൺ കോൾ റെക്കോർഡ് ചെയ്യുന്നു. എന്നെ വിളിച്ചയാൾ നിഷ്‌കളങ്കനായിരുന്നുവെങ്കിൽ ആ കോൾ എന്തിന് റെക്കോർഡ് ചെയ്യണം. രാഷ്ട്രീയമുള്ള സംഭവമാണിത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെങ്കിലും മുന്നിൽ കൊണ്ടുവരും. സൈബർ സെല്ലിലും പോലീസ് കമ്മീഷണർക്കും പരാതി നൽകും. ഫോൺ വിളിച്ച മോനോട് പറയാനുള്ളത്, ഇത്തരം ആളുകൾ പറയുന്നത് കേൾക്കരുതെന്നാണെന്നും മുകേഷ് പറഞ്ഞു.