സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല്‍ ബുധന്‍വരെയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും.
അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
ജ്വല്ലറി, തുണിക്കടകള്‍ അടക്കമുള്ളമറ്റ് വിപണന സ്ഥാപനങ്ങള്‍ തുറക്കരുത്. ഹോട്ടലുകള്‍ക്ക് നേരത്തെയുള്ളത് പോലെ പാഴ്സല്‍ കൗണ്ടറുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തുടങ്ങിയവക്ക് 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി നല്കി.മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 15 ശതമാനത്തില്‍ താഴെയെത്തിരുന്നു.
അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസർവിസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിർദേശിച്ച മറ്റു വിഭാഗങ്ങളിൽപെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. നിലവില്‍ പാസ് അനുവദിച്ചവരില്‍ ഒഴിവാക്കാന്‍ കഴിയാത്ത മെഡിക്കല്‍ സേവനങ്ങള്പോലുള്ള ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരെയും യാത്രാ പാസുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ അനുവദിച്ച അവശ്യസര്‍വിസ് വിഭാഗങ്ങളിലുള്ളവര്‍ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്രചെയ്യണം. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം.