പത്തനംതിട്ടയില്‍ അഞ്ചുവയസ്സുകാരിയെ രണ്ടാനച്ഛന്‍ തല്ലിക്കൊന്നു

പത്തനംതിട്ട: അഞ്ചുവയസുകാരിയെ രണ്ടാനച്ഛന്‍ തല്ലിക്കൊന്നു. പത്തനംതിട്ടയില്‍ താമസിക്കുന്നതമിഴ്‌നാട് രാജപാളയം ദമ്പതികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വീട്ടുജോലിക്കാരിയായ മാതാവ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകള്‍ ദേഹമാസകലം മുറിവേറ്റു ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. കടുത്ത ശ്വാസതടസവും ഉണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ കുട്ടിയെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്. ലഹരിക്ക് അടിമയായ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ഇയാളെ പിന്നീട് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും