തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം കണക്കാക്കുന്ന രീതിയില്‍ മാറ്റമുണ്ടായേക്കും. സംസ്ഥാന തലത്തിലാണ് നിലവില്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഈ സംവിധാനത്തിലാണ് മാറ്റമുണ്ടാകുക. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം സംസ്ഥാന തലത്തില്‍ നിന്ന് ജില്ലാ തലത്തിലെ സമിതിക്ക് കൈമാറാനാണ് ആലോചന. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കും. ഇതോടെ കോവിഡാനന്തര പ്രശ്‌നങ്ങളാല്‍ മരിക്കുന്നവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ 16-ാം ദിവസമാണ് കേരളത്തിലെ മരണസംഖ്യ 100ന് മുകളില്‍ തുടരുന്നത്. മെയ് 19നാണ് സംസ്ഥാനത്ത് ആദ്യമായി പ്രതിദിന മരണം 100 കടക്കുന്നത്. ഇതിന് ശേഷം കേരളത്തിലെ കോവിഡ് മരണങ്ങളുടെ ഗ്രാഫ് താഴ്ന്നിട്ടില്ല. കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് മരണസംഖ്യ ആദ്യമായി 200 കടന്നിരുന്നു.