മുസ്ലിം ലീഗിന്റെ പോഷക സംഘടനകളിൽ ഇനി 20 ശതമാനം വനിതാ പ്രാതിനിധ്യം

 

മഞ്ചേരി: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളിൽ വനിതകൾക്ക് ഇനി 20  ശതമാനം പ്രാതിനിധ്യം നൽകും. മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതിയിലാണ് തീരുമാനം. എല്ലാ പോഷക സംഘടനകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് പ്രവർത്തക സമിതി യോഗം വ്യക്‌തമാക്കിയിരിക്കുന്നത്.

ഹരിത വിവാദത്തിന്റെ പശ്‌ചാത്താലത്തിൽ കൂടുതൽ വനിതകളെ പാർട്ടി നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് പ്രാധാന്യമുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. എല്ലാ പോഷക സംഘടനാ പ്രതിനിധികളെയും മുസ്‌ലിം ലീഗ് കമ്മിറ്റികളിലും ഉൾക്കൊള്ളിക്കണമെന്ന നിർദ്ദേശവുമുണ്ട്. താഴെ തട്ടുമുതൽ ചെറുപ്പക്കാരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തണം. നേതാക്കൾ എല്ലാവരും ഇനി പാർട്ടി നിലപാടുകൾ പറയേണ്ടതില്ലെന്നും ലീഗ് നേതൃത്വം ചുമതലപ്പെടുത്തുന്നവർ മാദ്ധ്യമങ്ങളോട് അടക്കം പ്രതികരിച്ചാൽ മതിയെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗിന് കടുത്ത പരാജയം നേരിടേണ്ടി വന്നത് പന്ത്രണ്ട് മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിലെല്ലാം പഠനത്തിനായി ഒരു എംഎൽഎ ഉൾപ്പടെ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തോൽവിയുടെ കാരണങ്ങൾ പഠിക്കാനാണ് നീക്കം.

യോഗത്തിൽ ഒരു അപശബ്‌ദം പോലും ഉയർന്നില്ലെന്ന് പിഎംഎ സലാം പ്രതികരിച്ചു. നിലവിൽ പാർട്ടിയിൽ പ്രതിസന്ധിയില്ലെന്നും മുസ്‌ലിം ലീഗിന്റെ ഓഫിസുകളെയെല്ലാം സേവന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നേതൃത്വം വ്യക്‌തമാക്കി.